എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മദ്രാസി’ എന്നാണ് ചിത്രത്തിന്റെ പേര്. ശിവകാര്‍ത്തികേയനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തിലാണ് അദ്ദേഹത്തിന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംസ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.
ശ്രീലക്ഷ്മി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്.
അതേസമയം രജനികാന്ത് ചിത്രമായ ദര്‍ബാറിന് ശേഷം എ.ആര് മുരുഗദോസ് ഒരുക്കുന്ന ചിത്രമാണിത്. ഇത് ആദ്യമായാണ് എ ആര് മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്ത്തികേയന് അഭിനയിക്കുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
