മിന്നല്‍ മുരളിക്ക് ശേഷം മലയാളത്തിലേക്ക് മറ്റൊരു സൂപ്പര്‍ ഹീറോ ചിത്രം കൂടിയെത്തുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. നിവിന്‍ പോളി നായകനായി എത്തുന്ന മള്‍ട്ടിവേഴ്സ് മന്മഥന് എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പുതിയ ഹീറോ അവതരിക്കുന്നു എന്ന് ചിത്രത്തിന്റെ അപ്ഡേഷനെപ്പറ്റി കഴിഞ്ഞ ദിവസം നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മലയാള സിനിമയില്‍ അടുത്ത കാലത്ത് ഏറ്റവുമധികം ബോഡി ഷെയ്മിങ് നേരിട്ട താരമാണ് നിവിന്‍ പോളി. ഒരു കാലത്ത് തിയേറ്ററില്‍ സൂപ്പര്‍ സ്റ്റാറുകളുമായി പോലും കിടപിടിച്ച മത്സരം കാഴ്ച വെച്ച യുവതാരത്തിന് പിന്നീട് വന്ന തുടര്‍പരാജയങ്ങള്‍ ആരാധകരേയും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ താരത്തിന്റെ ശക്തമായ തിരിച്ചുവരവായി വിലയിരുത്തപ്പെട്ടിരുന്നു. ചിത്രത്തിലെ ‘നിധിന് മോളി’ എന്ന കഥാപാത്രം എക്സ്റ്റന്‍ഡഡ് കാമിയോ റോളാണെങ്കിലും പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് നിവിന്റെ കഥാപാത്രമായിരുന്നു. ഇപ്പോഴിതാ നിവിന്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സ്റ്റൈലന്‍ ലുക്കിലുള്ള കിടിലന്‍ ട്രാന്സ്ഫര്മേഷന് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പച്ച ഷര്‍ട്ട് ഇട്ട് കട്ട താടിയുമായി നില്ക്കുന്ന നിവിന്‍ പോളിയെ കണ്ട് ഇത് പ്രേമത്തിലെ ജോര്‍ജ് അല്ലേ എന്നാണ് ആരാധകര്‍ ചോദിച്ചത്. ഇതിന് പിന്നാലെ നിവിന്റെ പുതിയ ചിത്രത്തിലെ ലുക്ക് ആയിരിക്കും ഇതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നിവിന്‍. ‘ഇത് എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്നു! ഇന്ത്യയിലെ തന്നെ ആദ്യത്തെ മള്‍ട്ടിവേഴ്സ് സൂപ്പര്‍ ഹീറോ സിനിമയായ മള്‍ട്ടിവേഴ്സ് മന്മഥന് പ്രഖ്യാപിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആദിത്യന് ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് അനന്ദുവും നിതിരാജും ചേര്‍ന്ന് രചന നിര്‍വഹിച്ചു, ഈ വന്യവും രസകരവുമായ യാത്ര സ്ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കാനാവില്ല’.- എന്നാണ് നിവിന്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കുറിച്ചിരിക്കുന്നത്.
