കൊച്ചി: സംസ്ഥാനത്തെ എൻസിപിക്ക് വിരുദ്ധമായി നിലകൊള്ളുകയും, പാർട്ടിയുടെ ചിഹ്നം ഉപയോഗിച്ച് വിജയിക്കുകയും പിന്നീട് പുറത്തേക്ക് പോവുകയും ചെയ്ത എംഎൽഎമാരായ എ കെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്ന് എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ നിലപാടുകൾ ആണുള്ളത്. മഹാരാഷ്ട്രയിൽ മാത്രമാണ് എൻഡിഎ സഖ്യത്തിൽ എൻസിപി ഭാഗമായിട്ടുള്ളത്. നാഗാലാൻഡിൽ ഒമ്പത് എംഎൽഎമാർ എൻസിപിയ്ക്കുണ്ട്. അരുണാചൽപ്രദേശിൽ എംഎൽഎമാർ ഉണ്ട്. ഡൽഹിയിൽ മുപ്പതോളം സീറ്റുകളിൽ ബിജെപിക്ക് എതിരെ കൂടിയാണ് എൻസിപി മത്സരിച്ചത്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ചാണ് എൻസിപി നിലപാടുകൾ കൈക്കൊള്ളുന്നത്.
കേരളത്തിൽ പാരമ്പര്യമായി എൻസിപി ഉയർത്തിക്കാട്ടുന്ന ചില മൂല്യങ്ങളുണ്ട്. അത് അങ്ങനെ തന്നെ സംസ്ഥാനത്ത് തുടരും. കേരളത്തിൽ ഒരു മുന്നണിയുടെയും ഭാഗമാകാത്ത സ്വതന്ത്ര നിലപാടാണ് എൻസിപിക്കുള്ളത്. മറ്റ് മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനത്തിന് ഭാവിയിൽ തീരുമാനിക്കാവുന്നതാണ്. നിയമസഭ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് നിലവിൽ എൻസിപിയുടെ ലക്ഷ്യം. സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്നുള്ള സംസ്ഥാന സമ്മേളനവും പാർട്ടിക്ക് പുതിയ ഉണർവ്വ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
