കോട്ടയം: ബിജെപി നേതാവ് പി സി ജോര്‍ജ് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. ഈരാറ്റുപേട്ട സ്റ്റേഷനില്‍ മകന് ഷോണ്‍ ജോര്‍ജ് തിങ്കളാഴ്ച ഹാജാരാകുമെന്ന് ഫോണ്‍ വഴി അറിയിച്ചു. തിങ്കളാഴ്ച ഹാജരാകേണ്ട സമയം ആവശ്യപ്പെട്ട് പൊലീസിന് അപേക്ഷ നല്‍കും.
പൊലീസ് പി സി ജോര്‍ജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയത്. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി ഈരാറ്റുപേട്ട പൊലീസ് ഇന്ന് രണ്ടുതവണ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയിരുന്നു. പി സി ജോര്‍ജ് വീട്ടില്‍ ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.
പി സി ജോര്‍ജ് തിരുവനന്തപുരത്താണെന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. അതേസമയം, പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
ജനുവരി 6ന് നടന്ന ജനം ടിവി’യിൽ നടന്ന ചർച്ചയിലാണ് ബിജെപി നേതാവ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിംങ്ങൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്ലിംങ്ങൾ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി,കെ.ടി ജലീൽ, എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റു പേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ചർച്ചയിൽ ആരോപിച്ചു.
