വാഷിംഗ്ടൺ- യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലെ പ്രശസ്തമായ റെസല്യൂട്ട് ഡെസ്ക് താൽകാലികമായി മാറ്റി. ട്രംപിന്റെ ഓഫീസിൽ ഇലോൺ മസ്കിനൊപ്പമെത്തിയ ഇളയ മകൻ മൂക്കിൽ കയ്യിട്ടു ഈ മേശയിൽ തുടച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നടപടിയെന്നാണ് മാധ്യമങ്ങളുടെ നിരീക്ഷണം. ട്രംപിന് ജെർമോഫോബ് (എല്ലായിടത്തും രോഗങ്ങൾ രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മൂക്ക് തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഉപേക്ഷിക്കപ്പെട്ട ബ്രിട്ടീഷ് പര്യവേഷണ കപ്പലായ എച്ച്എംഎസ് റെസല്യൂട്ടിന്റെ മരം കൊണ്ട് നിർമിച്ച മേശയാണിത്. 1880 ൽ വിക്ടോറിയ രാജ്ഞി പ്രസിഡൻറ് റഥർഫോർഡ് ഹെയ്സിന് സമ്മാനമായി നൽകിയതാണ് ഈ മേശ. ഓക്ക് തടികൾ കൊണ്ട് നിർമിച്ച ഈ മേശ 1961 മുതൽ ജോൺ കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ചിട്ടുണ്ട്.
