ബ്രസ്സൽസ്: ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ആപ്പിൾ. യൂറോപ്യൻ യൂണിയനിലെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ ആപ്പിൾ ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങൾ ഡവലപ്പർമാർ നൽകാതിരുന്നതിനെ തുടർന്നാണ് ആപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ആപ്ലിക്കേഷനുകളുടെ ട്രേഡർ സ്റ്റാറ്റസ് ഡവലപ്പർമാർ നൽകിയാൽ ഈ ആപ്പുകൾ വീണ്ടും ആപ്പിളിൻറെ ആപ്പ് സ്റ്റോറിൽ ലഭ്യമാകും.
ആപ്പിൾ സ്വന്തം ആപ്പ് സ്റ്റോറിലെ സുതാര്യത ഉറപ്പാക്കാനായി ശക്തമായ നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി രണ്ട് ദിവസവും കൊണ്ടാണ് 135,000 ആപ്പുകൾ നീക്കം ചെയ്തത്. ആപ്പ് സ്റ്റോർ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആപ്പ് നീക്കം ചെയ്യൽ നടപടിയാണിത്.
2024 ഫെബ്രുവരി 17നാണ് യൂറോപ്യൻ യൂണിയൻറെ ഈ നിയമം നിലവിൽ വന്നത്. ട്രേഡ് സ്റ്റാറ്റസ് നിർബന്ധമായും ആപ്പ് ഡവലപ്പർമാർ കൈമാറിയിരിക്കണം എന്നാണ് യൂറോപ്യൻ യൂണിയൻറെ നിയമം. യൂറോപ്യൻ യൂണിയനിലെ ആപ്പ് സ്റ്റോറിൽ പുതിയ ആപ്പുകൾ സമർപ്പിക്കുന്നതിനും നിലവിലുള്ളവ അപ്ഡേറ്റ് ചെയ്യുന്നതിനും ഡവലപ്പർമാർ അവരുടെ ട്രേഡർ കോൺടാക്റ്റ് വിവരങ്ങൾ സമർപ്പിച്ചിരിക്കണം എന്നാണ് ചട്ടം. എന്നാൽ, ആപ്പ് ഡവലപ്പർമാർ അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ ഉപയോക്താക്കൾക്ക് നൽകുന്നില്ല എന്ന് ആപ്പിൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആവശ്യമായ കോൺടാക്റ്റ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുമെന്ന് 2025 ഫെബ്രുവരി 17ന് ആപ്പ് ഡവലപ്പർമാർക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പാലിക്കാതിരുന്നതിനെ തുടർന്നാണ് 135,000 ആപ്പുകൾ ഒറ്റയടിക്ക് ആപ്പിൾ കമ്പനി ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്.
.
