കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ പിരിവിനെ ഘടകകക്ഷികൾ എതിര്‍ത്തിട്ടും പിരിവുമായി മുന്നോട്ട് പോകാൻ എല്‍ഡിഎഫ് സര്‍ക്കുലര്‍. കിഫ്ബിയെ വരുമാനമുണ്ടാക്കി സംരക്ഷിക്കുന്നതിന് നടപടി എടുക്കണമെന്നാണ് ഇടതുമുന്നണിയുടെ സര്‍ക്കുലറില്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കിഫ്ബി റോഡിലെ ടോള്‍ പിരിവ് തിരിച്ചടി ആകുമെന്നായിരുന്നു സിപിഐയുടെ ആശങ്ക.
എല്‍ഡിഎഫ് യോഗത്തില്‍ മറ്റു ചില ഘടകകക്ഷികളും വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇതൊന്നും സിപിഐഎം പരിഗണിച്ചിട്ടില്ലയെന്ന് സര്‍ക്കുലറിലൂടെ വ്യക്തമാണ്. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് പൊതുവെ ദോഷം ഉണ്ടാക്കാത്ത നടപടികളാണ് കിഫ്ബിക്ക് ആവശ്യമെന്നും, സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇടതുമുന്നണി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ഇടത് മുന്നണിയോഗ ശേഷം കണ്‍വീനറുടെ വിശദീകരണം.
മറ്റെല്ലാ വിവാദ തീരുമാനങ്ങളിലുമെന്ന നയവ്യതിയാനം ചൂണ്ടിക്കാട്ടി ഇടത് മുന്നണി ഘടകക്ഷികള്‍ എതിര്‍പ്പുന്നയിച്ചിട്ടും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ ശാലക്ക് അനുമതി നല്‍കാനും ഇടതു മുന്നണി തീരുമാനിച്ചിരുന്നു. കുടിവെള്ളത്തേയും കൃഷിയേയും ബാധിക്കാതെ മദ്യ നിര്‍മ്മാണ പ്ലാന്റുമായി മുന്നോട്ട് പോകാമെന്നും എല്‍ഡിഎഫ് തീരുമാനം.
