അഹമ്മദാബാദ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ.രണ്ട് റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയാണ് കേരളം രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ചത്. ജമ്മു കശ്മീരിനെതിരെ ഒരു റണ്‍ ലീഡില്‍ സെമി ഉറപ്പിച്ച കേരളം ഗുജറാത്തിനെതിരെ രണ്ട് റണ്‍സ് ലീഡില്‍ ഫൈനലും ഉറപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
അഞ്ചാം ദിനം ഗുജറാത്തിന് തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 449-9 എന്ന സ്കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധിച്ചു നിന്നത് കേരളത്തിന് ആശങ്കയായിരുന്നു. എന്നാൽ ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് സല്മാന് നിസാറിന്റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന് ബേബി കൈക്കുള്ളിൽ ആക്കിയപ്പോഴാണ് കേരളം ഫൈനല്‍ ഉറപ്പിച്ചത്.
