തൃശ്ശൂർ: അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ആയിരുന്നു ചികിത്സ. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്.ഒരടിയോളം ആഴമുള്ള മുറിവായിരുന്നു ആനയ്ക്കുണ്ടായിരുന്നത്. മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.
ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടിയത്. തുടർന്ന് ബുധനാഴ്ച രാത്രി മുതൽ ആന തീറ്റ എടുത്തു തുടങ്ങിയിരുന്നു. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. വൈകിട്ട് മസ്തകത്തിലെ പരിക്കിൽ ഡോക്ടർമാർ വീണ്ടും മരുന്നുവെച്ചിരുന്നു. ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം.
