തിരുവനന്തപുരം: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പീതാംബരൻ മദമിളകാൻ സാധ്യതയുള്ള ആനയായിരുന്നുവെന്ന് അന്തിമ റിപ്പോർട്ട്. സോഷ്യൽ ഫോറസ്ട്രി വനം കൺസർവേറ്റർ ആർ കീർത്തി ഐഎഫ്എസ് അന്തിമ റിപ്പോർട്ട് വനംവകുപ്പിന് സമർപ്പിച്ചു. ആനയുടെ രക്തത്തിൽ ഉണ്ടായിരിക്കേണ്ട ടെസ്റ്റോസ്റ്റിറോൺ പരിധി 1.84 മുതൽ 5.35 വരെ ആണ്. എന്നാൽ പീതാംബരന് ഇത് 15ൽ അധികം ആയിരുന്നു. രക്തസാമ്പിൾ പരിശോധനയ്ക്ക് ശേഷമാണ് പീതാംബരൻ മദമിളകാൻ സാധ്യതയുള്ള ആന ആണെന്ന നിഗമനത്തിൽ എത്തിയത്.
ആനയുടെ കാലുകൾ ചങ്ങലയ്ക്കിട്ടിരുന്നില്ല. പടക്കം അലക്ഷ്യമായി ആനകളുടെ അടുത്ത് പൊട്ടിച്ചത്. പീതാംബരൻ പടക്കം കേട്ടാൽ പരിഭ്രാന്തനാകുന്ന ആനയാണെന്ന് പാപ്പാൻ നേരത്തെ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നത്. ഗുരുവായൂർ പീതാംബരൻ മറ്റ് ആനകളെ ആക്രമിച്ചിട്ടുണ്ടെന്നും വനംമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്. ആനകളുടെ സാന്നിധ്യത്തിൽ ഇനി മുതൽ പടക്കം പൊട്ടിക്കരുതെന്ന് മാർഗ നിർദേശവും വനം, പോലീസ്, ഫയർഫോഴ്സ് എന്നിവയുടെ ഉപസമിതി വേണമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് മുമ്പ് ടെസ്റ്റോസ്റ്റിറോൺ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഫെബ്രുവരി 13നായിരുന്നു കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. പീതാംബരൻ എന്ന ആന ഗോകുലിനെ കുത്തിയതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കെട്ടിടം തകർന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേർ മരിച്ചിരുന്നു. ലീല, അമ്മുക്കുട്ടി, വടക്കയിൽ സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ലീല എന്ന സ്ത്രീക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കെട്ടിടം മേലിലേക്ക് തകർന്നുവീണാണ് മറ്റ് രണ്ട് പേരും മരിച്ചത്. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ ഉത്സവ ആനകളെ എഴുന്നളളിക്കുന്നതിന് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
