കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് എറണാകുളത്ത് ഇന്ന് തുടക്കമാകും. ബോൾഗാട്ടി ലുലു അന്താരാഷ്ട്ര കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടി ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യ -വ്യവസായ മന്ത്രി അബ്ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്സ് എംഡി കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി പങ്കെടുക്കും.
കേരളത്തിൻ്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക, കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക എന്നീ ലക്ഷ്യത്തോടെ കെഎസ്ഐഡിസിയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിയിൽ മൂവായിരത്തോളം പേർ പങ്കെടുക്കും. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഉച്ചകോടിയിൽ സന്നിഹിതരാകും. സിംബാബ്വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതലസംഘവും ഉച്ചകോടിയിൽ പങ്കെടുക്കും.
ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാകും. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിയ്ക്കെത്തും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.
