ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്നും സഹപ്രവർത്തകരുമായി സംസാരിച്ചുവെന്നും റിപ്പോർട്ട്. നിലവിൽ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ.
സഹപ്രവര്‍ത്തകരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തങ്ങള്‍ പതിവുപോലെ തമാശ പറഞ്ഞുവെന്നും അദ്ദേഹത്തിന് നര്‍മ്മബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും ജോര്‍ജിയ മെലോണി പ്രസ്താവനയില്‍ പറഞ്ഞു. പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അവര്‍ വ്യക്തമാക്കി.
ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. കാൽമുട്ടുകളിലെ വേദനയുൾപ്പെടെ ഉള്ളതിനാൽ മാർപ്പാപ്പ വീൽചെയർ ഉപയോഗിച്ചിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.
