ന്യൂഡൽഹി: മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദിനീയമായതിലും ഉയർന്നതാണെന്നാണ് യു.പി. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ടിലും പറയുന്നത്. 100 മില്ലി ലിറ്റർ ജലത്തിൽ 2500 യൂണിറ്റുകൾ മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദിനീയമായ പരമാവധി അളവ്. ഗംഗാനദിയുടെ പ്രയാഗരാജിലെ ജലത്തിൻ്റെ ഗുണനിലവാരം പരിപാലിക്കേണ്ട ചുമതലയുള്ള, യു.പി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മെമ്പർ സെക്രട്ടറിയോട് ബുധനാഴ്ച വെർച്വലായി ഹാജരാകാൻ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു.
ഗംഗയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ട്രൈബ്യൂണൽ ചെയർ പേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ധ അംഗമായ എ. സെന്തിൽ വേൽ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
