കൊല്ലം: വിശ്വപൗരനായ ശശി തരൂർ എംപിയുടെ അക്കാദമിക് മികവിന്റെ കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും, എന്നാൽ സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന് പ്രായോഗിക ജ്ഞാനം പോലുമില്ലെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. യാതൊരു പഠനങ്ങളും നടത്താതെയുള്ള ശശി തരൂരിന്റെ പ്രസ്താവന എന്തെങ്കിലും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ളതാകും. കോൺഗ്രസിനുള്ളിലെ എന്തെങ്കിലും സംഘടന പ്രശ്നങ്ങൾ ആകാം ഇത്തരത്തിലുള്ള ഒരു പ്രസ്താവനയിലേക്ക് നയിച്ചിട്ടുണ്ടാകുക. വ്യാവസായിക രംഗത്ത് യാതൊരുവിധ മുന്നേറ്റങ്ങളും സമീപകാലത്തെങ്ങും നടന്നിട്ടില്ല. പുതുതായി ഇവിടെ വ്യവസായിക സംരംഭങ്ങൾ ഉയർന്നുവരുന്നുവെന്നത് സർക്കാരിന്റെ അടിസ്ഥാനരഹിതമായ വാദം മാത്രമാണെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. എൻസിപിയുടെ രാഷ്ട്രീയ വിശദീകരണ യാത്ര കൊല്ലത്ത് എത്തിയപ്പോൾ കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഭാവികമായും നാട്ടിൽ ഉയർന്നുവരുന്ന വ്യാവസായിക സംരംഭങ്ങളെ പെരിപ്പിച്ചു കാട്ടിയാണ് സർക്കാർ തങ്ങളുടെ നേട്ടമെന്ന് അവകാശപ്പെടുന്നത്. കമ്പനി രജിസ്ട്രേഷൻ നടപടികൾ ലഘൂകരിച്ചപ്പോൾ അതുവഴി രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനികളുടെ എണ്ണമാണ് സർക്കാർ ഉയർത്തി കാട്ടുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് അപ്പുറത്തേക്ക് ഈ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിൽ യാതൊരു ധാരണയും സർക്കാരിനില്ല. രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കപ്പെട്ടുവെന്ന് ആവർത്തിച്ച് സർക്കാർ അവകാശപ്പെടുമ്പോഴും ഇന്നും സ്ഥിതിഗതികൾ സങ്കീർണ്ണം തന്നെയാണ്. സംസ്ഥാനത്ത് പുതുതായി സ്റ്റാർട്ടപ്പുകൾ മൂന്നിലൊന്നും പ്രവർത്തനരഹിതമാണ്. ബാക്കിയുള്ളതെല്ലാം വലിയ നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത് അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ എതിർത്തിരുന്ന കാര്യങ്ങളെല്ലാം സാമ്പത്തിക പരാധീനതയുടെ പരിഹാരമായി ഒരു നയവും ഇല്ലാതെ നടപ്പാക്കുകയാണ് സർക്കാർ. പുതിയ സ്വകാര്യ സർവകലാശാല ബിൽ അതിന്റെ ഭാഗമായി നടപ്പാക്കുകയാണ്. കേരളത്തിന് പുറത്തുള്ള താപനിലയങ്ങളിൽ നിന്നുമാണ് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുവാൻ സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന താപനിലയങ്ങളിൽ നിന്നും ഗുണം നാടിന് ലഭിക്കുന്നില്ല. താപനിലയങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ പോലും നടക്കുന്നില്ല. കായംകുളം താപനിലയം അതിന്റെ ഉദാഹരണമാണ്. ഇതിലെല്ലാം ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിന് മാറിമാറി വരുന്ന സർക്കാരുകൾ ശ്രമിക്കുന്നില്ല. ബ്രഹ്മപുരം ഡീസൽ പ്ലാന്റ്, നല്ലളം പ്ലാന്റ്, എലൂർ ടിസിസി പ്ലാന്റ് എന്നിവ ഉണ്ടെങ്കിലും അവിടെനിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് സംസ്ഥാനത്തിന് ഉപയോഗിക്കുവാൻ തക്കവിധത്തിൽ മാറ്റിയെടുക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കുന്നില്ല. മുൻപ് കായംകുളം താപനിലയം നാഫ്തയിലേക്ക് മാറ്റുവാൻ ശ്രമം നടത്തിയെങ്കിലും തൊഴിലാളി യൂണിയനുകൾ ഇടപെട്ട് മുടക്കുകയായിരുന്നു. ഏറ്റവും ചിലവ് കുറഞ്ഞ എൽഎൻജി പോലെയുള്ള പ്രകൃതിദത്ത വൈദ്യുതി ഉല്പാദന സംവിധാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുവാൻ കഴിയുമെങ്കിലും അതും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാറമടകൾക്ക് നൽകി രാഷ്ട്രീയപാർട്ടികൾ പിരിവ് നടത്തി എം സാൻഡിന്റെ കച്ചവടം വർധിപ്പിച്ച് സ്വയം കീശ വീർപ്പിക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പുഴകളിലെ മണൽ നീക്കം ചെയ്യാതെ വെള്ളപ്പൊക്ക സാധ്യത വർധിപ്പിച്ചാണ് ഇത്തരത്തിൽ ലാഭം കൊയ്യുന്നത്. ആറുമാസം മഴ ലഭിക്കുന്ന 44 നദികൾ ഉള്ള കേരളത്തിൽ വേനൽക്കാലത്ത് മൂന്നുമാസം ടാങ്കറിൽ കുടിവെള്ളം പഞ്ചായത്തുകൾ വിതരണം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ പുഴയുടെ ആഴം കൂട്ടി തടയണ സൃഷ്ടിച്ച കുടിവെള്ള പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ട്. 30% മാത്രം സംഭരണ ശേഷിയുള്ള ഡാമുകളിലെ മണൽ നീക്കം ചെയ്യുവാൻ കഴിഞ്ഞാൽ വൈദ്യുതി ഉത്പാദനം കൂട്ടുവാൻ കഴിയുന്നതിനോടൊപ്പം എം സാൻഡിന് വേണ്ടി പാറകൾ തുരന്ന് വലിയ ദുരന്തങ്ങൾക്ക് ഇടവരുത്താതെ മുന്നോട്ടു പോകുവാൻ കഴിയും. രൂക്ഷമായ തൊഴിലില്ലായ്മയും അതു വരുത്തിവെച്ച സാമൂഹികമായ അരക്ഷിതാവസ്ഥയുമാണ് വലിയതോതിലുള്ള ലഹരി ഉപയോഗത്തിന് വഴിയൊരുക്കിയത്. ഇതിൽ കൃത്യവും ക്രിയാത്മകവുമായ ബോധവൽക്കരണം സർക്കാർ നടത്തേണ്ടതുണ്ടെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.
ഐക്യ കേരളം- ഐശ്വര്യ കേരളം സൃഷ്ടിക്കണമെങ്കിൽ സംസ്ഥാനത്ത് സമൂലമായ മാറ്റങ്ങൾ ഉണ്ടാക്കിയേതീരൂ. ആ മാറ്റത്തിനുവേണ്ടി ജനങ്ങളെ ബോധവാന്മാർ ആക്കുന്നതിനും സംസ്ഥാനത്ത് വരുത്തേണ്ട നൂറിലധികം ആശയങ്ങൾ രൂപപ്പെടുത്തി ജനങ്ങളുമായി സംവദിച്ചുകൊണ്ട് 140 നിയോജകമണ്ഡലങ്ങളിലൂടെ മലയോര, ഹൈവേ, തീരദേശ മേഖലകളിലെ 250 കേന്ദ്രങ്ങളിലൂടെയാണ് രാഷ്ട്രീയ വിശദീകരണ യാത്ര പര്യടനം നടത്തിയത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നഷ്ടപ്പെട്ടുപോയ എൻസിപിയുടെ രാഷ്ട്രീയ മൂല്യങ്ങളെ തിരികെ പിടിക്കുന്നതിന് ജനങ്ങളെ ഒരുമിപ്പിക്കുകയെന്ന ദൗത്യവും യാത്രയ്ക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ദുരിതത്തിലും സാമ്പത്തിക പരാധീനതയിലും ജീവിക്കുന്ന അവസ്ഥയിൽ കേരളം മാറിയേ തീരുവെന്ന ആശയം ജനങ്ങളുടെ മനസ്സിൽ ഈ യാത്രയിലൂടെ ഇടംപിടിച്ച് കഴിഞ്ഞതിനാൽ രാഷ്ട്രീയ വിശദീകരണ യാത്ര വൻ വിജയമാക്കുവാൻ കഴിഞ്ഞെന്നും അദ്ദേഹം പ്രസ്താവിച്ചു.
