ഒരുപാട് രാഷ്ട്രീയ യാത്രകൾക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം. കാടടച്ച പ്രകടനങ്ങളുമായി എന്തൊക്കെയോ പറഞ്ഞു മുന്നോട്ടുപോകാറുള്ള രാഷ്ട്രീയ യാത്രകളാണ് നാം അധികവും കണ്ടിട്ടുള്ളത്. എന്നാൽ അത്തരം യാത്രകളിൽ നിന്നും വ്യത്യസ്തതയോടെ ഒരു യാത്ര കേരളത്തിന്റെ ജന മനസ്സുകൾ കീഴടക്കി മുന്നേറുകയാണ് ഈ മാസം 11ന് കാസർകോട് നിന്ന് ആരംഭിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര. നേതാവിനോ നേതൃത്വത്തിനോ അല്ല ഈ യാത്രയിൽ പ്രാധാന്യമുള്ളത്. ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കും ആശയ പ്രചാരണത്തിനും ആണ് പ്രസക്തി. കേരളം മാറേണ്ടത് എവിടെയൊക്കെയെന്നും എങ്ങനെയൊക്കെ മാറ്റങ്ങൾ വരുത്താമെന്നും പൊതു സമൂഹത്തോട് ചർച്ച ചെയ്തുകൊണ്ടാണ് ഐതിഹാസികമായ രാഷ്ട്രീയ വിശദീകരണയാത്ര മുന്നേറുന്നത്.
വലിച്ചു നീട്ടിയ പ്രസംഗങ്ങൾക്കല്ല, കൃത്യമായ ആശയ പ്രചാരണത്തിനാണ് പ്രസക്തി നൽകുന്നത്. യാത്രയിൽ കേരളം മാറേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. കേരളം മാറുമെന്ന് ഉറച്ചുപറയുന്ന യാത്ര, ആരു മാറ്റുമെന്ന ചോദ്യത്തിന് ഉത്തരവും നൽകിയാണ് മുന്നോട്ടു കുതിക്കുന്നത്. അധികാരത്തിന്റെ ഇടനാഴികൾക്ക് എത്രയോ ദൂരെയുള്ളപ്പോഴും അപരിഷ്കൃതമായ സമൂഹത്തിനുവേണ്ടി നിരന്തരം നിലകൊണ്ട എൻ എ മുഹമ്മദ് കുട്ടി തന്നെ കേരളത്തിന്റെ നായകത്വം ഏറ്റെടുക്കുന്ന രാഷ്ട്രീയ യാത്രയായി ഈ യാത്ര മാറുകയാണ്.
അധികാരത്തിനുവേണ്ടി അതുവരെയും ഒപ്പമുണ്ടായിരുന്നവർ പാർട്ടി വിടുമ്പോഴും ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം അടിയുറച്ച് നിലകൊള്ളുകയായിരുന്നു അന്ന് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന എൻ എ മുഹമ്മദ് കുട്ടി. എല്ലാവരും ഒന്നിച്ച് എൻസിപിയിൽ നിലനിൽക്കുന്ന കാലത്തും ഇന്നത്തെ വിവാദനായകൻ പി സി ചാക്കോയ്ക്കെതിരെ നിരന്തരം എൻ എ മുഹമ്മദ് കുട്ടി കലാപക്കൊടി ഉയർത്തി. പി എസ് സി നിയമന വിവാദം ചർച്ചയ്ക്ക് കൊണ്ടുവരുന്നതും നിയമനടപടികൾക്ക് തുടക്കം കുറിക്കുന്നതും എൻ എ മുഹമ്മദ് കുട്ടിയായിരുന്നു. ഇപ്പോഴും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇതിന്റെ നിയമനടപടികൾ തുടരുകയാണ്.
കാലങ്ങൾക്കപ്പുറം പി സി ചാക്കോ എൻസിപിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെക്കുമ്പോൾ, അതിന് കാരണമായി ഭവിച്ചത് പി എസ് സി നിയമന വിവാദം തന്നെയാണെന്ന് തെളിയുമ്പോൾ ഇന്നത്തെ രാജി കാലത്തിന്റെ കാവ്യ നീതിയായി വിലയിരുത്തിയാൽ തെറ്റുപറയുവാൻ ആകില്ല. അതിന് വഴിയൊരുക്കിയതാകട്ടെ എൻ എ മുഹമ്മദ് കുട്ടിയെന്ന നിസ്വാർത്ഥനായ എൻസിപികാരനും. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പേറുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നും മതേതര ജനാധിപത്യ പുരോഗമന ആശയങ്ങളെ ചേർത്തുപിടിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ആളാണ് എൻ എ മുഹമ്മദ് കുട്ടി. അനീതിക്കെതിരായ പോരാട്ടത്തിന് എല്ലാകാലത്തും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. എൻസിപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ചാക്കോ കടന്നുവന്ന നിമിഷം മുതൽ, അദ്ദേഹം നടത്തുവാൻ ശ്രമിച്ച അഴിമതികളിൽ എല്ലാം ചോദ്യചിഹ്നമായി നിറഞ്ഞുനിന്നത് എൻ എ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയാണ്. ഇഷ്ടക്കാരും അടുപ്പക്കാരുമാണ് അദ്ദേഹത്തെ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്യാറുള്ളത്.
ഇടതുപക്ഷത്ത് നിൽക്കുമ്പോൾ രണ്ടുതവണയാണ് കോട്ടയ്ക്കൽ മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചത്. രണ്ടാംതവണ മത്സരിക്കുമ്പോൾ ലീഗ് കോട്ടയിൽ ശക്തമായ മത്സരമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പരാജയമാണ് സംഭവിച്ചത് എങ്കിലും ഒട്ടേറെ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെ അദ്ദേഹം അവിടെ നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം കോട്ടയ്ക്കലുകാരുടെ പ്രിയപ്പെട്ട മമ്മൂട്ടി സാറാണ്. രാഷ്ട്രീയത്തിലും വ്യാവസായിക രംഗത്തും ഒരേപോലെ തിളങ്ങുന്ന അദ്ദേഹം പുതിയൊരു ദൗത്യവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര നടത്തുകയാണ്. ഇടത് വലതുമുന്നണികൾ മാറിമാറി സംസ്ഥാനത്ത് കൊള്ളയടിക്കലും അഴിമതിയുമായി ഭരണം മുന്നോട്ടു കൊണ്ടുപോകുമ്പോൾ അതിനെതിരായ ഉറച്ച പോരാട്ടമാണ് അദ്ദേഹം നടത്തുന്നത്. വരും തലമുറയെ നാടിന്റെ മുന്നേറ്റത്തിന് പാകപ്പെടുത്തുക എന്ന വലിയ ലക്ഷ്യവും എൻ എ മുഹമ്മദ് കുട്ടിയുടെ രാഷ്ട്രീയ ഇടപെടലുകൾക്കുണ്ട്. കാർഷിക രംഗത്തും വ്യവസായിക രംഗത്തും മനുഷ്യന്റെ സമൂല മുന്നേറ്റത്തിനും എങ്ങനെയാണ് ഭരണകൂടങ്ങൾ ചിന്തിക്കേണ്ടതെന്ന് മുഹമ്മദ് കുട്ടി പൊതുസമൂഹത്തോട് യാത്രയിൽ പറയുന്നുണ്ട്. ഇവിടുത്തെ ഭരണകൂടങ്ങൾ ഈ ജനതയെ എത്രമേൽ വഞ്ചിച്ചാണ് അധികാരത്തിൽ തുടരുന്നതെന്ന് അദ്ദേഹം കൃത്യമായി തുറന്നുകാട്ടുന്നുണ്ട്. സാധാരണ ജനങ്ങളിൽ നിന്നും അപഹരിക്കപ്പെടുന്ന അവകാശങ്ങളെ ഉയർത്തിക്കാട്ടിയും നാം നേടിയെടുക്കേണ്ട അവകാശങ്ങളെ സംബന്ധിച്ച ബോധ്യം സൃഷ്ടിച്ചുമാണ് ഈ രാഷ്ട്രീയ വിശദീകരണ യാത്ര.
