കൊച്ചി: പറവൂർ ചേന്ദമംഗലത്ത് നടന്ന കൂട്ടകൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒരു കുടുംബത്തിലെ 3 പേരുടെ ജീവനെടുത്ത കൂട്ടക്കൊലപാതകത്തിൽ കൊലപാതകം നടന്ന ഒരു മാസത്തിനകം ആണ് പോലീസ് ആയിരം പേജുള്ള കുറ്റപത്രം തയ്യാറാക്കി പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഋതു എന്ന യുവാവ് അയൽവാസിയായ കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്മുന്നിൽ വെച്ചായിരുന്നു ക്രൂരമായ ആക്രമണം.
കുറ്റപത്രത്തിൽ മുന്‍ വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയെന്നാണ് കൂട്ടക്കൊലയെ ചൂണ്ടിക്കാട്ടുന്നത്. പ്രതി ഋതുവിന് ജിതിന് ബോസിന്റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം ‘പക തീര്‍ത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണെന്നും മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കേസില്‍ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകള്‍ ശേഖരിച്ചു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും ഋതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു.
