വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാർ നടപടി മനുഷ്യത്വരഹിതമാണെന്നും വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനൊപ്പം യോജിച്ച സമരത്തിന് തയ്യാറെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനാണ് തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്നവരോട് ആണ് ഈ ക്രൂരത. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ നിന്ന് ആകാമായിരുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.
ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും വയനാടിന്റെ കാര്യത്തില്‍ സുധാകരന് പ്രതികരിച്ചു. കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തുന്ന ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്നും ലേഖനം പരിശോധിക്കുമെന്നും സുധാകരന് പറഞ്ഞു.
അതേസമയം ശശി തരൂര്‍ എംപിയുടെ ലേഖനത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തിയിരുന്നു. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നും സതീശന് പ്രതികരിച്ചു. ഒരുപാട് മെച്ചപ്പെട്ടുവരേണ്ടതുണ്ടെന്നും വി ഡി സതീശന് പറഞ്ഞിരുന്നു.
