പാലക്കാട്: പകുതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെ ആരോപണവുമായി പണം നഷ്ടമായ പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ വീട്ടമ്മമാര്‍. മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് പണം കെെമാറിയതെന്ന് വീട്ടമ്മമാർ ആരോപിച്ചു. സീഡ് സൊസൈറ്റിയുടെ ചിറ്റൂര്‍ കോര്‍ഡിനേറ്ററാണ് പ്രീതി രാജന്. സര്‍ക്കാര്‍ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പില്‍ മന്ത്രിയുടെ പിഎയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
മന്ത്രിയുടെ ഓഫീസില്‍വെച്ചാണ് പ്രീതി മാഡത്തിന് പൈസ കൊടുത്തത്. 60,000 രൂപ ഒന്നിച്ച് കൊടുത്തു. 2024 ഒക്ടോബര്‍ 19ാം തീയതിയാണ് പണം നല്‍കിയത്. മന്ത്രി ഓഫീസില്‍ വെച്ചാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും വിശ്വസിച്ചുപോയി. പലിശയ്ക്ക് വാങ്ങിയ പണമാണ്. ഒരുപാട് സങ്കടമുണ്ട്. ഇങ്ങനെപെടുത്തുമെന്ന് അറിഞ്ഞില്ല. പലിശ കൊടുക്കാനോ വണ്ടി കിട്ടാനോ വഴിയില്ല. വണ്ടി വേണ്ട. പൈസ തിരികെ കിട്ടായാല്‍ മതി എന്നും സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു. മൂന്നോ നാലോ പേര് ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം വണ്ടികിട്ടുമെന്നാണ് പറഞ്ഞത്. വാര്‍ത്തകള്‍ അറിഞ്ഞ് തിരക്കിയപ്പോള്‍ പ്രചരിക്കുന്നത് ഫേക്ക് വാര്‍ത്തകളാണെന്ന് പറഞ്ഞു. വണ്ടിയോ പണമോ നിര്‍ബന്ധമായും കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു എന്നുമാണ് സംഭവത്തിൽ വീട്ടമ്മമ്മാർ പറയുന്നത്.
