മൂന്നാർ- മൂന്നാർ ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ പാഞ്ഞെത്തി കുത്തിമറിച്ചു കാട്ടാന. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് കാട്ടാന മറിച്ചിട്ടത്. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ എത്തി കാർ ഉയർത്തിയാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.
അതേസമയം, കാർ ആക്രമിച്ചതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. മേഖലയിൽ കണ്ട് പരിചയമില്ലാത്ത ആനയാണ് ആക്രമണം നടത്തിയത്. ആർ ആർ ടി ആനയെ തുരത്തി. ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. ഇനിയും ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഇത് അടിയന്തരമായിട്ടുണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.
