നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. പോസ്റ്റ്മോര്ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. വിശദമായ റിപ്പോര്‍ട്ടിനൊടുവിൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ഗോപന് നിരവധി അസുഖങ്ങളും ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്കും, മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റും കാലിൽ അൾസറുമുണ്ട്. ചെറുകുടൽ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്നും എന്നാൽ, ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭസ്മം ഉള്‍പ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞിരുന്നത്. ഇതിന്റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്.
വൻ വിവാദങ്ങൾക്കൊടുവിലാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. ഇരുത്തിയ നിലയിൽ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. ഗോപന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു സമാധി കല്ലറ തുറന്നത്. പരാതിയെ തുടർന്ന് മക്കൾ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
