കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകളിടഞ്ഞ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. കൂടുതൽ കാര്യങ്ങൾ വനം മന്ത്രി പറയുമെന്നും വീഴ്ചയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ലംഘനം നടന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചിരുന്നു.
