തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടി ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്കിൽ നിന്ന് 15 ലക്ഷം രൂപയാണ് കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു.
ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളില് പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം.
മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ബൈക്കിൽ എത്തിയ അക്രമി തൃശ്ശൂർ ഭാഗത്തേക്കാണ് കടന്നിട്ടുള്ളത്. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
