തൃശൂർ: സ്വകാര്യ സർവകലാശാലകൾക്ക് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന്റെ മറവിൽ സർക്കാരിനുള്ളത് സാമ്പത്തിക താൽപര്യം മാത്രമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. ഒരുകാലത്ത് സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്ക് വരുന്നതിനുള്ള സാധ്യതകൾ ഉണ്ടായിരുന്നപ്പോൾ അതിന് മങ്ങലേൽപ്പിച്ചത് ഇന്നത്തെ സർക്കാരിന്റെ ഭാഗമായിട്ടുള്ളവർ ആയിരുന്നു. ഒരിക്കൽ തള്ളിപ്പറഞ്ഞ വികസന മുന്നേറ്റങ്ങളെ പിന്നീട് ഒരിക്കൽ അംഗീകരിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നിലപാട് വ്യതിയാനം സ്വകാര്യ സർവകലാശാലകളുടെ വിഷയത്തിലും പ്രകടമാണെന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. എൻസിപിയുടെ രാഷ്ട്രീയ വിശദീകരണ യാത്ര തൃശൂരിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരെ കണ്ട് സംസാരിക്കുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തിന്റെ സമൂലമായ മുന്നേറ്റം ഒന്നുമല്ല സർക്കാരിന്റെ ലക്ഷ്യം. മറിച്ച് സാമ്പത്തിക താൽപര്യങ്ങൾ മാത്രമാണ്. സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് 25 കോടി രൂപ സർക്കാരിന് നൽകേണ്ടതുണ്ട്. ഇപ്പോൾതന്നെ നൂറുകണക്കിന് സർവകലാശാലകൾ കേരളത്തിൽ വേരുറപ്പിക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ സർക്കാരിന് ഭീമമായ ഒരു തുക ലഭിക്കുന്നുണ്ട്. ഇതിനപ്പുറവും പിന്നാമ്പുറങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടക്കുമെന്നതിൽ സംശയമില്ല. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നയങ്ങൾക്ക് അനുസൃതമായല്ല ഈ സർവകലാശാലകളുടെ പ്രവർത്തനമെങ്കിൽ തുടക്കത്തിൽ അടയ്ക്കുന്ന തുക സർക്കാരിന് തിരികെ നൽകേണ്ടതായി പോലും വരുന്നില്ല. മുൻപ് സ്വാശ്രയ കോളേജുകൾക്ക് കേരളത്തിൽ അനുമതി നൽകിയപ്പോൾ ഒട്ടേറെ എൻജിനീയറിങ് കോളേജുകൾ അടക്കം പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ഇന്ന് അന്ന് തുടങ്ങിയതിൽ ഭൂരിഭാഗം കോളേജുകളും പൂട്ടി പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. അന്നും സ്വാശ്രയ കോളേജുകളുടെ മറവിൽ ചിലർ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. അതിന്റെ ആവർത്തനമാണ് ഇപ്പോൾ സ്വകാര്യ സർവകലാശാലകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ എൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയുമായ പി.സി ചാക്കോ ഇനിയെങ്കിലും വിശ്രമ ജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. യാതൊരു ആശയ ദൃഢതയും ഇല്ലാതെ അധികാരത്തിന് പിന്നാലെ മാത്രം അലയുന്നവർക്ക് ചാക്കോയ്ക്ക് ഉണ്ടായ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്. രണ്ടുവർഷം മുൻപ് ഞങ്ങൾ രാജി ആവശ്യപ്പെട്ടപ്പോൾ ചെയ്തിരുന്നുവെങ്കിൽ ഇത്ര മോശം സാഹചര്യത്തിൽ ചാക്കോയ്ക്ക് പടിയിറങ്ങേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്യജീവികളുടെ അക്രമം മൂലം ആരെങ്കിലും കൊല്ലപ്പെടുമ്പോൾ പണം അനുവദിക്കുക മാത്രമാണ് സർക്കാർ ആകെ ചെയ്യുന്നത്. അതിനപ്പുറത്തേക്ക് മറ്റ് പരിഹാര പദ്ധതികൾ ഒന്നും തന്നെ ഈ സർക്കാർ നടപ്പാക്കുന്നില്ല. എല്ലാ സംഭവങ്ങളെയും തീർത്തും ലാഘവത്തോടെ നോക്കിക്കാണുന്ന ഒരാളാണ് വനം വകുപ്പ് മന്ത്രി. അതേപോലെ പകുതി വില തട്ടിപ്പ് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ്. ഇതിന് നേതൃത്വം നൽകിയവർക്ക് മൂന്നു മുന്നണികളിലെയും രാഷ്ട്രീയക്കാരുമായുള്ള ബന്ധങ്ങൾ ഓരോ ദിവസവും പുറത്തുവരികയാണ്. ഈ കേസിൽ വേണ്ടത് ജുഡീഷ്യൽ അന്വേഷണമാണ്. ബാക്കി ഇടപെടലുകൾ ഉണ്ടാകാതെ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. പണം തിരികെ കൊടുത്തതുകൊണ്ട് പരാതികൾ ഇല്ലാതാകുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിപി ശേഖരിച്ചു വരികയാണെന്നും നിയമ പോരാട്ടത്തിന് അടക്കം പരാതിക്കാര്ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർഗോഡ് നിന്നും ഫെബ്രുവരി 11 ന് ആരംഭിച്ച രാഷ്ട്രീയ വിശദീകരണ യാത്ര സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. യാത്രയ്ക്കിടയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി എൻ എ മുഹമ്മദ് കുട്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെ കോട്ടയം, ആലപ്പുഴ ജില്ലകളിലും ഫെബ്രുവരി 16 ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യാത്ര പര്യടനം നടത്തും. ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് പ്രചാരണ യാത്ര തിരുവനന്തപുരത്തേക്ക് എത്തുക. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിക്കുക. തുടർന്ന് എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക.
