തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സ്കൂളിലെ ക്ലർക്കിനെതിരെ കുടുംബം. പ്ലസ് വൺ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് മരിച്ച നിലയിൽ സ്കൂളിൽ നിന്ന് കണ്ടെത്തിയത്. ക്ലർക്ക് മാനസികമായി പീഡിപ്പിച്ചെന്നും, പ്രോജക്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായെന്നും അമ്മാവൻ സതീശൻ പറഞ്ഞു. ആർഡിഒയുടെ മുന്നിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്.
സ്കൂളിലെ ഒരു ക്ലർക്കിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതാണ്. പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. അത് സബ്മിറ്റ് ചെയ്യാൻ സ്കൂളിന്റെ സീൽ വേണമെന്ന് പറഞ്ഞു. കുട്ടികൾ ഓഫീസിലേക്ക് ചെന്ന് സീൽ ചെയ്തു നൽകാൻ ഈ ക്ലർക്കിനോട് പറയുന്നു. കുട്ടികളെ അവഗണിക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു. കൂടാതെ കുട്ടിയെ ചീത്തവിളിക്കുകയും ചെയ്തു. ഈ ക്ലർക്ക് മാത്രമല്ല, സ്കൂളിലെ പല അധ്യാപകരും കുട്ടിയെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുൻപ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് – കുട്ടിയുടെ അമ്മാവൻ പറഞ്ഞു. വാക്ക് തർക്കമുണ്ടായതിന് പ്രിൻസിപ്പാൾ ഉൾപ്പടെ ഇടപെടുകയും അടുത്ത ദിവസം രക്ഷകർത്താക്കളെ സ്കൂളിൽ വിളിച്ചുകൊണ്ടു വരണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇത് രക്ഷകർത്താവിനെ അറിയിക്കുകയും ചെയ്തു. ഇത് വീട്ടുകാർ ചോദ്യം ചെയ്യുകയും ചെറിയ രീതിയിൽ കുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമവും ബെൻസൺ ഉണ്ടായിരുന്നു.
ആരോപണങ്ങൾ പൊലീസ് പരിശോധിക്കുമെന്ന് സ്കൂളിലെത്തിയ ജി സ്റ്റീഫൻ എംഎൽഎയും പറഞ്ഞു. ക്ലാർക്കും വിദ്യാർത്ഥിയും തമ്മിൽ തർക്കമുണ്ടായെന്നും അത് വിദ്യാർത്ഥി തന്നെ തന്നോട് പറഞ്ഞതാണെന്നും പ്രിൻസിപ്പലും വ്യക്തമാക്കി. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുകയും ഇത് അംഗീകരിക്കുകയും ചെയ്തു. അതേസമയം, സംഭവത്തിൽ പൊതുവിഭ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡൈപ്യൂട്ടി ഡയറക്ടർ(കരിക്കുലം) ഉബൈദിനാണ് അന്വേഷണച്ചുമതല.
