അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന ഭക്ഷണം എടുക്കാൻ പോലും സാധിക്കാത്ത നിലയിൽ. ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന് തീരുമാനിച്ചെങ്കിലും ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനത്തിന് മാറ്റം വരുത്തുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടി കൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി. രണ്ടുവർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാകും എന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തിയത്. തുടർന്നാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താൻ തീരുമാനിച്ചത്.
