പത്തനംതിട്ട: അന്വേഷണ ഉദ്യോഗസ്ഥർ തങ്ങൾ ബാറിലെത്തി സംഘർഷമുണ്ടാക്കി എന്ന് വരുത്തിത്തീർക്കുന്ന തരത്തിൽ റിപ്പോർട്ട് ഉണ്ടാക്കി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി പത്തനംതിട്ടയിലെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ സിതാര. തെറ്റായ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. തെറ്റായ റിപ്പോർട്ട് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുറ്റക്കാരായ പൊലീസുകാരുടെ പേര് ഉൾപ്പെടുത്തി എഫ്ഐആർ ഇടണം. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കണം ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കേണ്ടതെന്നും സിതാര പറഞ്ഞു.
പൊലീസ് മർദ്ദനമേറ്റ സിതാര അടക്കമുള്ള വിവാഹസംഘത്തെ കുറ്റപ്പെടുത്തിയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. പത്തനംതിട്ടയിലെ കണ്ണങ്കരയിൽ രാത്രി ആളുകൾ കൂട്ടംകൂടി നിന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നാണ് പൊലീസ് ലാത്തി വീശിയത് എന്നും ഇക്കൂട്ടത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിവന്ന എരുമേലി സ്വദേശികൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവർ സമീപത്തെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബാറിലെ ജീവനക്കാരുമായും കൂട്ടംകൂടി നിന്ന മറ്റുളളവരുമായും ബഹളം വെയ്ക്കുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
