മണിപ്പൂർ: മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയായിരുന്നു ബിരേന്‍ സിങിന്റെ രാജി. ബിജെപി കേന്ദ്ര നേതൃത്വം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിരേന്‍ സിങ് രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. നേരത്തേ കോൺറാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാൽ, ഏഴ് എംഎൽമാരാണ് എൻപിപിക്കുള്ളത്. എൻപിപിയുടെ പിന്തുണ പിൻവലിച്ചാലും അത് സർക്കാരിനെ ബാധിക്കുമായിരുന്നില്ല. ബരേൻ സിങ് സർക്കാരിന് 37 ബിജെപി എംഎൽഎമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ 12 ഓളം എം.എൽ.എമാർ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നുവെന്നും സ്പീക്കറും മുഖ്യമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വിശ്വാസവോട്ടെടുപ്പിൻ്റെ സാഹചര്യത്തിൽ ഈ എംഎൽഎമാർ പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകുമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി തിളങ്ങി നില്ക്കവേ മണിപ്പൂരില്‍ അവിശ്വാസ പ്രമേയം പാസായാല്‍ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൊടുന്നനേയുള്ള തീരുമാനം.
