കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ അതിക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കോളേജിലെ ടീച്ചർമാരുടെയും മറ്റ് വിദ്യാർത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായ റാഗിംഗിനാണ് ഇരയാക്കിയ കേസിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് പിടിയിലായിരിക്കുന്നത്..
റാഗിംഗ് നിരോധന നിയമപ്രകാരവും ബിഎൻഎസ് 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ചുമത്തും.
ഒന്നാം വർഷ വിദ്യാർത്ഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 12-ാം തീയതിയാണ് നഴ്സിംഗ് കോളേജിലെ ഹോസ്റ്റലിൽ നിന്ന് മൂന്നാം വർഷ വിദ്യാർത്ഥികളായ പ്രതികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെയും പ്രിൻസിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം.
അതേ സമയം മനുഷ്യാവകാശ കമ്മീഷനും റാഗിംഗ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. വിഷയത്തിൽ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നൽകണമെന്നും നിർദേശമുണ്ട്. സഹ്യാദ്രി റൈറ്റ്സ് ഫോറം നൽകിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
