മലപ്പുറം : എൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയുമായ പി.സി ചാക്കോ ഇനിയെങ്കിലും വിശ്രമ ജീവിതം നയിക്കണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നും ആരംഭിച്ച രാഷ്ട്രീയ വിശദീകരണ യാത്ര മലപ്പുറത്ത് എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. യാതൊരു ആശയ ദൃഢതയും ഇല്ലാതെ അധികാരത്തിന് പിന്നാലെ മാത്രം അലയുന്നവർക്ക് ചാക്കോയ്ക്ക് ഉണ്ടായ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്. രണ്ടുവർഷം മുൻപ് ഞങ്ങൾ രാജി ആവശ്യപ്പെട്ടപ്പോൾ ചെയ്തിരുന്നുവെങ്കിൽ ഇത്ര മോശം സാഹചര്യത്തിൽ ചാക്കോയ്ക്ക് പടിയിറങ്ങേണ്ടി വരില്ലായിരുന്നു. സംസ്ഥാനത്ത് എൻസിപിയ്ക്കുള്ളിൽ കലഹം ഉണ്ടാക്കിയത് തന്നെ അധികാരത്തിനു വേണ്ടിയുള്ള ചാക്കോയുടെ വക്രബുദ്ധിയായിരുന്നു. ഇപ്പോൾ ചാക്കോ പിൻവാങ്ങിയിരിക്കുന്നത് തന്നെ മറ്റു മാർഗ്ഗങ്ങളില്ലാതെ വന്നപ്പോഴാണ്. അവസാന നാളുകളിലൂടെയാണ് എൻസിപി-എസ് കടന്നുപോകുന്നത്. ഈ സർക്കാരിന്റെ കാലാവധി തീരുന്നതോടെ എൻസിപി-എസിന്റെയും കാലാവധി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേപോലെ, പി എസ് സി നിയമന കോഴയിൽ പി.സി ചാക്കോയുടെ പങ്ക് സംബന്ധിച്ചതിൽ തുടർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ സർവകലാശാല ബില്ല് നടപ്പാകുമ്പോൾ തുറന്നുകാട്ടപ്പെടുന്നത് ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കൂടിയാണ്. നാട്ടിൽ ഉയർന്നുവന്ന എല്ലാ വികസന പ്രവർത്തനങ്ങളെയും ഒരുകാലത്ത് എതിർക്കുകയും പിന്നീട് അതിനെ ഉൾക്കൊള്ളുകയും ചെയ്യുന്ന സിപിഎമ്മിന്റെ സ്ഥിരം രീതിയാണ് സ്വകാര്യ സർവ്വകലാശാല വിഷയത്തിലും കാണുവാൻ കഴിയുന്നത്. കാലത്തിന് അനുസൃതമായുള്ള മാറ്റങ്ങളെ ഉൾക്കൊള്ളുവാൻ സിപിഎമ്മിന് വീണ്ടും കാലങ്ങൾ എടുക്കേണ്ടി വരുന്നുണ്ട്. അതോടൊപ്പം തന്നെ സംസ്ഥാനത്ത് വന്യജീവി അതിക്രമങ്ങൾ വർദ്ധിച്ചു വരുമ്പോൾ വനംമന്ത്രി ആർക്കോവേണ്ടി എന്തൊക്കെയോ പ്രവർത്തിക്കുകയാണെന്നും എൻ എ മുഹമ്മദ് കുട്ടി കുറ്റപ്പെടുത്തി.
വന്യജീവികളുടെ അക്രമം മൂലം ആരെങ്കിലും കൊല്ലപ്പെടുമ്പോൾ പണം അനുവദിക്കുക മാത്രമാണ് സർക്കാർ ആകെ ചെയ്യുന്നത്. അതിനപ്പുറത്തേക്ക് മറ്റ് പരിഹാര പദ്ധതികൾ ഒന്നും തന്നെ ഈ സർക്കാർ നടപ്പാക്കുന്നില്ല. എല്ലാ സംഭവങ്ങളെയും തീർത്തും ലാഘവത്തോടെ നോക്കിക്കാണുന്ന ഒരാളാണ് വനം വകുപ്പ് മന്ത്രി. അതേപോലെ പകുതി വില തട്ടിപ്പ് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ്. ഇതിന് നേതൃത്വം നൽകിയവർക്ക് മൂന്നു മുന്നണികളിലെയും രാഷ്ട്രീയക്കാരുമായുള്ള ബന്ധങ്ങൾ ഓരോ ദിവസവും പുറത്തുവരികയാണ്. ഈ കേസിൽ വേണ്ടത് ജുഡീഷ്യൽ അന്വേഷണമാണ്. ബാക്കി ഇടപെടലുകൾ ഉണ്ടാകാതെ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. പണം തിരികെ കൊടുത്തതുകൊണ്ട് പരാതികൾ ഇല്ലാതാകുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിപി ശേഖരിച്ചു വരികയാണെന്നും നിയമ പോരാട്ടത്തിന് അടക്കം പരാതിക്കാര്ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 11 ന് കാസർഗോഡ് നിന്നും ആരംഭിച്ച രാഷ്ട്രീയ വിശദീകരണ യാത്ര സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. യാത്രയ്ക്കിടയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി എൻ എ മുഹമ്മദ് കുട്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെ തൃശ്ശൂർ, എറണാകുളം ജില്ലകളിലും നാളെ കോട്ടയം, ആലപ്പുഴ ജില്ലകളിലും 16ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യാത്ര പര്യടനം നടത്തും. ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് പ്രചാരണ യാത്ര തിരുവനന്തപുരത്തേക്ക് എത്തുക. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിക്കുക. തുടർന്ന് എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാർ,സംസ്ഥാന ജനറൽ സെക്രട്ടറി മാറായ അഡ്വ. സൈഫുദ്ധീൻ, കല്ലറ മോഹൻദാസ്, പാർത്ഥ സാരഥി മാസ്റ്റർ ,ജില്ലാ പ്രസിഡന്റ് നാദിർഷ കടായിക്കൽ, എൻ. വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, ജില്ലാ വൈസ്പ്രസിഡന്റ് കുഞ്ഞി മരക്കാർ പാലാണി, ജില്ലാ സെക്രട്ടറി മുഹമ്മദലി എ.ആർ. നഗർ എന്നിവർ സംബന്ധിച്ചു.
