സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം തുടർക്കഥയാകുന്നു. വയനാട് അട്ടമല സ്വദേശി ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടിൽ ഉണ്ടായ രണ്ടാമത്തെ കാട്ടാന ആക്രമണം ആണിത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ പണിയ വിഭാഗത്തിൽപ്പെട്ട മാനുവെന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇരുവരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലകൃഷ്ണൻ.
നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിതെന്നും വിഷയം നിരന്തരമായി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും മേപ്പാടി വാര്‍ഡ് മെമ്പര്‍ പറയുന്നു. വനപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പേര് മരിക്കാന്‍ ഇടയാകുന്ന സംഭവം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ദുരന്തനിവാരണ വിഭാഗം അടിയന്തരയോഗം വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഇന്ന് വൈകുന്നേരം 4.45-ന് ഓണ്‍ലൈനായി വിളിച്ചിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, വയനാട് ജില്ലാ കളക്ടര്‍, വയനാട് ജില്ലാ പോലീസ് മേധാവി, വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന്, വയനാട് നോര്‍ത്ത് സൗത്ത് ഡിവിഷനിലെ ഡി.എഫ്.ഒ മാര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
