കൊച്ചി- കൊച്ചി കയർ ബോർഡ് ഓഫീസിലെ തൊഴിൽ പീഡനത്തിന് ഇരയായ കഴിഞ്ഞ ദിവസം അന്തരിച്ച ജീവനക്കാരി ജോളി മധുവിൻ്റെ എഴുതി പൂർത്തിയാക്കാത്ത കത്തും ശബ്ദസന്ദേശവും പുറത്ത് വന്നു. ‘എനിക്ക് പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല. പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍’. എൻ്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ’ എന്നാണ് ജോളി കത്തിൽ പറയുന്നത്.
ഇംഗ്ലീഷിൽ എഴുതിയ കത്തിൽ ‘എൻ്റെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നു. അതിനാൽ ഞാൻ നിങ്ങളുടെ കരുണയ്ക്ക് അപേക്ഷിക്കുകയാണ്. കുറച്ചുകാലം കൂടി അതിജീവിക്കാൻ സഹായിക്കൂ എന്നും പൂർത്തിയാക്കാത്ത കുറിപ്പിൽ ജോളി കുറിച്ചിട്ടുണ്ട്. കുറിപ്പ് പൂർത്തിയാക്കും മുമ്പ് ജോളി കുഴഞ്ഞു വീണു എന്നാണ് മക്കൾ പറയുന്നത്. ജോളി എഴുതിയ ഡയറിയും പേനയും താഴെ വീണ് കിടന്നിരുന്നു.
മുന്‍ സെക്രട്ടറി ജിതേന്ദ്ര ശുക്ലയും ചെയര്മാന് വിപുല്‍ ഗോയലും ചേര്‍ന്ന് വേട്ടയാടി എന്ന ജോളി മധുവിന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.ഇവരുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും ജോളി പറയുന്നുണ്ട്.
ശുക്ലയ്ക്ക് സെക്രട്ടറിയുടെ ചാര്‍ജും വിപിന്‍ ഗോയല്‍ എന്നയാള്‍ക്ക് ചെയര്‍മാന്റെ ചാര്‍ജും കൊടുത്തു. ശുക്ല കാശു കൊടുത്ത് വിപിന്‍ ഗോയലിനെ അയാളുടെ പോക്കറ്റിലാക്കിയിരിക്കുകയാണ്. ഇയാള്‍ എന്തെഴുതുന്നോ അത് വിപിന്‍ ഗോയല്‍ സൈന്‍ ചെയ്ത് ഇങ്ങ് തരും. ശുക്ലയാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ശുക്ലയ്ക്കാണ് എന്നോട് ദേഷ്യവും. അയാള്‍ കക്കാനായി ഫയലുകളിലെഴുതിയതെല്ലാം ഞാന്‍ വിലക്കി. അതിന്റെ പ്രതികാരമാണ് തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോടൊന്നും അപേക്ഷിക്കാനും കാലുപിടിക്കാനും പോകാന്‍ ഞാന്‍ തയാറല്ല – ജോളി മധു പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചി കയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരിയാണ് ജോളി മധു. ജോലിസ്ഥലത്തെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്മാന്, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ കയര്‍ ബോര്‍ഡിനെതിരെ കൂടുതല്‍ പരാതികളാണ് പുറത്ത് വന്നത്.
