ഗാന്ധിയൻ സാമൂഹിക പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ പത്മശ്രീ വി.പി അപ്പുക്കുട്ടൻ പൊതുവാളിനെ എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി സന്ദർശിച്ചു. നവകേരള മുന്നണി സൃഷ്ടിയ്ക്കായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര പയ്യന്നൂരിൽ എത്തിയപ്പോഴായിരുന്നു സന്ദർശനം. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ നേരിട്ട് കണ്ടതും സ്വാതന്ത്ര്യ സമര സേനാനിയായ അമ്മാവൻ വി.പി. ശ്രീകണ്ഠ പൊതുവാൾ സ്വാതന്ത്ര സമരത്തിന്റെ ഭാഗമാകാൻ സ്വാധീനിച്ചതും സ്വാതന്ത്രസമര കാലഘട്ടവും സാമൂഹത്തിൽ അക്ഷീണം പ്രവർത്തിച്ച അനുഭവങ്ങളും ഓർമ്മകളും അപ്പുക്കുട്ടൻ പൊതുവാൾ എൻസിപി നേതാക്കളുമായി പങ്കുവെച്ചു.
പയ്യന്നൂരിലെ വീട്ടിൽ നടന്ന സന്ദർശനത്തിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി പത്മശ്രീ വി.പി അപ്പുക്കുട്ടൻ പൊതുവാളിനെ പൊന്നാട അണിയിച്ചു. ദീർഘ സംഭാഷണത്തിനൊടുവിൽ എൻസിപിയുടെ രാഷ്ട്രീയ വിശദീകരണ യാത്രയുടെ ലഘുലേഖകളും അദ്ദേഹത്തിന് കൈമാറി.
നവകേരള മുന്നണി സൃഷ്ടിയ്ക്കായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് ഇന്ന് കാസർഗോഡ് നിന്ന് തുടക്കമായി. സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് യാത്ര 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. യാത്രയ്ക്കിടയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായും എൻ എ മുഹമ്മദ് കുട്ടി കൂടിക്കാഴ്ച നടത്തും. നാളെ (ഫെബ്രുവരി 12) കോഴിക്കോട്, വയനാട് ജില്ലകളിലും 13ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 14ന് തൃശ്ശൂർ, എറണാകുളം ജില്ലകളിലും 15ന് കോട്ടയം, ആലപ്പുഴ ജില്ലകളിലും 16ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമാണ് യാത്ര പര്യടനം നടത്തുക.
ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് പ്രചാരണ യാത്ര തിരുവനന്തപുരത്തേക്ക് എത്തുക. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിക്കുക. തുടർന്ന് എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക.
