ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം പ്രതിയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രൻ. കൊല്ലപ്പെട്ട ദിനേശൻ വീട്ടിലെത്തിയാൽ അപായപ്പെടുത്തുമെന്ന് പ്രതി കിരൺ വെല്ലുവിളിച്ചിരുന്നു. ഇത് അവഗണിച്ച് കൊല്ലപ്പെട്ട ദിനേശൻ രാത്രിയിൽ വീട്ടിലെത്തുകയും തുടർന്ന് കൊലപാതകം നടക്കുമായിരുന്നു.
പ്രതിയും ദിനേശനുമായി നിരവധി തവണ തർക്കമുണ്ടായിരുന്നു. കൊലപ്പെടുത്തുന്നതിന് തലേ ദിവസവും തർക്കം ഉണ്ടായിരുന്നു. കൊലപ്പെടുത്താനായി മാസങ്ങളായി കെണിയൊരുക്കിവെച്ചെന്നും പൊലീസ് കണ്ടെത്തി. ദിനേശനെ കൊലപ്പെടുത്താൻ മുൻപ് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വീടിന് പിന്നിൽ കമ്പി കെട്ടിയായിരുന്നു കെണി ഒരുക്കിയത്. ഷോക്കേറ്റ് വീണ ദിനേശനെ കയ്യിൽ കമ്പിവടി പിടിപ്പിച്ച് വീണ്ടും ഷോക്കടിപ്പിച്ചു.
മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചതിനാണ് അമ്മക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് മേധാവി പറഞ്ഞു. മാതാവിന് മറ്റൊരാളുമായുള്ള ബന്ധത്തെ തുടർന്നുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട പകയാണ്.
