വന്യമൃഗ സംഘർഷത്തിൽ മനുഷ്യജീവൻ നഷ്ടമാകുന്നത് സംസ്ഥാനത്ത് തുടർക്കഥയാകുന്നു. സുൽത്താൻബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭർത്താവ് മനു(45)വാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ ഇരുവരും ബസിറങ്ങി നടന്ന് വരവെയാണ് കാട്ടാന ആക്രമിച്ചത്. വീടിനടുത്ത വയലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഇടുക്കി പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലും നാൽപ്പത്തിയഞ്ചുകാരിയായ സ്ത്രീയ്ക്ക് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന സോഫിയയെ ചവിട്ടി കൊന്നത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം മണിക്കൂറുകൾ നീണ്ടുനിന്നു. ജില്ലാ കളക്ടർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായ സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന് ധനസഹായമായ 10 ലക്ഷം രൂപം ഇന്ന് കൈമാറും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. കാട്ടാന ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. സോഫിയയെ കാട്ടാന ചവിട്ടി കൊന്നതിനെ തുടർന്ന് പ്രതിഷേധിച്ച നാട്ടുകാർക്കാണ് കളക്ടർ ഉറപ്പ് നൽകിയത്. കളക്ടറുടെ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
.
