എൻസിപി രാഷ്ട്രീയ വിശദീകരണ യാത്ര നാളെ ആരംഭിക്കും, സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന്
കേരളത്തിന്റെ സമൂലമായ മാറ്റം സാധ്യമാകുവാൻ രാഷ്ട്രീയത്തിന് അതീതമായി പാർട്ടികൾ ചേർന്ന് പുതിയൊരു മുന്നണി ഉയർന്നുവരണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. എല്ലാ മേഖലകളിലും സംസ്ഥാനത്ത് വളർച്ച ഉണ്ടാകുവാൻ കൂട്ടായ ഒരു മുന്നണിയുടെ മുന്നേറ്റം അനിവാര്യമാണ്. നവകേരള സൃഷ്ടിക്കായി സമാന ചിന്താഗതിക്കാരായ എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടു പോവുകയാണ് ലക്ഷ്യമെന്നും കാസർഗോഡ് നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാന മുന്നണികളിലെ മുഖ്യ രാഷ്ട്രീയപാർട്ടിയുടെ വല്യേട്ടൻ മനോഭാവത്തിന് അനുസൃതമായി നിന്നുകൊടുത്ത് സ്വന്തം അസ്ഥിത്വം പോലും ഇല്ലാതാകുന്ന സാഹചര്യത്തിൽ നിന്നും ഘടകകക്ഷികളായ മറ്റു പാർട്ടികൾ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ ബാധിതരോട് സർക്കാർ അവഗണന ഇപ്പോഴും തുടരുകയാണെന്നും എൻഡോസൾഫാൻ പേരുമാറ്റി ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം തടയേണ്ടത് സർക്കാർ ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാലഘട്ടങ്ങളിലും ചില വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ സർക്കാരുകൾ നടത്തുന്നില്ല. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ പോലുമുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പേരിനൊരു മെഡിക്കൽ കോളേജ് ലഭിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഈ ആശുപത്രിയിലില്ല. വിദഗ്ധ ചികിത്സ അടക്കം അവർക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. എൻഡോസൾഫാൻ ഇരകളടക്കമുള്ളവർ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തൊട്ടടുത്ത ജില്ലയായ കണ്ണൂരിനേയും അയൽ സംസ്ഥാനമായ കർണാടകത്തിലെ മംഗലാപുരത്തേയുമാണ്. ചികിത്സ തേടിയുള്ള അതിർത്തി കടന്നുള്ള യാത്ര ഇവർക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന മക്കളെയും കൊണ്ട് മണിക്കൂറുകളോളമാണ് മാതാപിതാക്കൾ യാത്രചെയ്യേണ്ടി വരുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുനതിനായി മാറി മാറി വന്ന സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. അതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിനും പ്രധാനമായും കർണാടകയിലെ കോളേജുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മതിയായ ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നമാണ്. കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കേണ്ടതായിട്ടുണ്ട്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുവാനും അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുവാനും സർക്കാരുകൾ ശ്രദ്ധ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള മുന്നണി സൃഷ്ടിയ്ക്കായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര ഫെബ്രുവരി 11ന് കാസർഗോഡ് നിന്നും ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് യാത്ര 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. യാത്രയ്ക്കിടയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി എൻ എ മുഹമ്മദ് കുട്ടി കൂടിക്കാഴ്ച നടത്തും. 11ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിലും 12ന് കോഴിക്കോട്, വയനാട് ജില്ലകളിലും 13ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 14ന് തൃശ്ശൂർ, എറണാകുളം ജില്ലകളിലും 15ന് കോട്ടയം, ആലപ്പുഴ ജില്ലകളിലും 16ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യാത്ര പര്യടനം നടത്തും. ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് യാത്ര തിരുവനന്തപുരത്തേക്ക് എത്തുക. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിക്കുക. തുടർന്ന് എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികളുടെ നേതൃയോഗങ്ങൾ പൂർത്തീകരിച്ചിരുന്നു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ജബ്ബാർ, സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ്, നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയ വിശദീകരണയാത്ര കോർഡിനേറ്ററുമായ ഷാജി തെങ്ങുംപിള്ളിൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംസാരിച്ചു.
