ഭൂമിയെ പച്ച നിറം ചാർത്തുവാൻ പ്രവർത്തിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.
100 ഏക്കറിലധികം തരിശുകിടന്ന കുന്നിൻ പ്രദേശം പച്ച പുതപ്പിച്ച കല്ലൂർ ബാലൻ പാലക്കാട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി 25 ലക്ഷത്തോളം തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വേനലിൽ കാട്ടിലെത്തി വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുക, മലയിലെ പാറകൾക്കിടയിൽ കുഴി ഉണ്ടാക്കി പക്ഷികൾക്കും പ്രാണികൾക്കും വെള്ളമെത്തിക്കുക തുടങ്ങിയ കാര്യങ്ങളും ബാലൻ ചെയ്തിരുന്നു. വനംമിത്ര,കേരളമിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമിമിത്ര തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്.
പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലൻറെ വീട് പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് . മാതാപിതാക്കൾ-കല്ലൂർ അരങ്ങാട്ടുവീട്ടിൽ വേലുവും കണ്ണമ്മയും. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവർ മക്കളാണ്.
