പ്രകടന പത്രികയിൽ വീട്ടമ്മമാർക്ക് പെൻഷൻ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേടിന് കാരണക്കാർ ജില്ലാ നേതൃത്വമെന്നും സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ വിമർശനം. ജില്ലാ നേതൃത്വം ഉണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടക്കില്ലായിരുന്നു. പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടിട്ടും നേതൃത്വം ഇടപെട്ടില്ല. ഇ ഡിക്കെതിരെ കടുത്ത നിലപാടെടുക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടു.നേതൃത്വത്തിന്റെ മൗനം എൻഫോസ്മെന്റ് ഡയറക്ടറേറ്റിന് വളം വച്ചു കൊടുത്തു. ശക്തമായ പ്രക്ഷോഭം ഇ ഡി രാഷ്ട്രീയ വേട്ട തുടങ്ങിയപ്പോൾ തന്നെ സംഘടിപ്പിക്കണമായിരുന്നു. പ്രക്ഷോഭത്തിന് പകരം പാർട്ടി നേതൃത്വം മൗനത്തിലായി. ഏതറ്റം വരെയും പോയി ഇഡിയെ എതിർക്കുമെന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
രണ്ടാം പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ വീട്ടമ്മമാരുടെ പെൻഷൻസർക്കാരിന്റെ അവസാനകാലത്തും പദ്ധതി നടപ്പാക്കാൻ കഴിയാത്തത് വിമർശനങ്ങൾക്കിടയാക്കുന്നുവെന്നും നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തരുതായിരുന്നുവെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രകടനപത്രിക പൂർണമായും നടപ്പാക്കണമെന്നും പൊതു ചർച്ചയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ മന്ത്രിമാരുടെ പ്രവർത്തനം മികച്ചതായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മികച്ച ഭരണം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
