സിഎസ്ആർ പാതിവില തട്ടിപ്പിൽ ഉന്നതർക്ക് തലവേദനയായി പ്രതി അനന്തു കൃഷ്ണൻ. പ്രതി ആര്‍ക്കൊക്കെയാണ് പണം നല്‍കിയത് എന്നതിന്റെ വിശദാംശങ്ങള്‍ എല്ലാം പൊലീസിന് മൊഴി നൽകി. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഐഎം നേതാവിന് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് 5 ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിനായി 9 ലക്ഷം രൂപ നല്‍കിയെന്നും അനന്തു കൃഷ്ണന് പൊലീസിനോട് പറഞ്ഞു. അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.
തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന് പൊലീസിനോട് പറഞ്ഞു. തെളിവുകള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ പലതും ക്ലൗഡ് സ്റ്റോറേജിലാണ് സൂക്ഷിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ കോള്‍ റെക്കോര്‍ഡിങ്ങുകളും ,വാട്സ്ആപ്പ് ചാറ്റുകളും ക്ലൗഡ് സ്റ്റോറേജിലുണ്ട് എന്ന് അനന്തു കൃഷ്ണന് പറയുന്നു.
