ബജറ്റിൽ ആദായനികുതിയിൽ കേന്ദ്ര സർക്കാർ വൻ ഇളവുകൾ നൽകിയതിന് പിന്നാലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കും കുറക്കാനൊരുങ്ങുകയാണ്. പോസ്റ്റ് ഓഫീസ് സേവിങ്സ് നിക്ഷേപങ്ങൾ, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മഹിളാ സമ്മാൻ നിധി, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, കിസാൻ വികാസ് പത്ര തുടങ്ങിയ ചെറുകിട വരുമാനമുള്ള കുടുംബങ്ങൾ വലിയതോതിൽ ആശ്രയിക്കുന്ന പദ്ധതികളുടെ പലിശ നിരക്കാണ് കുറക്കാൻ ഒരുങ്ങുന്നത്. സാധാരണക്കാരെയും മുതിർന്ന പൗരന്മാരെയും പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ നിധി ഒഴികെയുള്ള പദ്ധതികളുടെ പലിശ കുറച്ചേക്കുമെന്നാണ് സൂചനകൾ. മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ചേരാനുള്ള സമയം ഈവർഷം മാർച്ച് 31വരെയാണ്. രണ്ടുവർഷമാണ് വനിതകൾക്കു വേണ്ടിയുള്ള ഈ പ്രത്യേക പദ്ധതിയുടെ കാലാവധി. ഇക്കഴിഞ്ഞ ബജറ്റിൽ പദ്ധതിയുടെ കാലാവധി നീട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പദ്ധതിയിൽ ഇതിനോടകം നിക്ഷേപിച്ചവർക്കുള്ള തുക അടുത്ത സാമ്പത്തിക വർഷം മുതൽ കേന്ദ്രം പലിശ സഹിതം മടക്കി നൽകും. റിസർവ് ബാങ്ക് ഇക്കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ (എംപിസി യോഗം) റീപ്പോനിരക്ക് കുറച്ചതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും കുറയാൻ വഴിയൊരുങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഉയർന്നുനിൽക്കുന്നത് എഫ്ഡികളെ അനാകർഷകമാക്കും. ഇത് തടയാൻ ലക്ഷ്യമിട്ടാണ് റീപ്പോ കുറച്ചതിന്റെ ചുവടുപിടിച്ച് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.
