കാരണവർ വധക്കേസ് പ്രതി ഷെറിന് അട്ടക്കുളങ്ങര ജയിലിൽ മേക്കപ് സാധനങ്ങളടക്കം അനുവദിച്ചിരുന്നെന്നു സഹതടവുകാരിയുടെ ആരോപണം. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടു ഷെറിന്റെ തൊട്ടടുത്ത സെല്ലിൽ കഴിഞ്ഞിരുന്ന വാടാനപ്പള്ളി സ്വദേശി സുനിതയാണു താൻ കണ്ട കാഴ്ചകൾ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഷെറിൻ ജയിലിലെ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും 3 നേരവും പുറത്തുനിന്നു ജയിൽ അധികൃതർ ഭക്ഷണം എത്തിച്ചു നൽകുകയായിരുന്നെന്നും സുനിത പറഞ്ഞു.
‘ സ്വന്തം ഫോൺ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം സെല്ലിൽ ഷെറിനെ അനുവദിച്ചിരുന്നു. അന്നത്തെ ജയിൽ വകുപ്പ് ഉന്നതനുമായും ഉന്നത രാഷ്ട്രീയ പ്രവർത്തകനുമായും ഷെറിന് ബന്ധമുണ്ടായിരുന്നു. തടവുകാരുടെ വസ്ത്രത്തിനു പകരം വെള്ളത്തുണി പുറത്തു നിന്നെത്തിച്ചു സ്വന്തമായി തയ്ച്ചെടുത്ത വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. ആറോ ഏഴോ ജോടി വസ്ത്രങ്ങൾ സ്വന്തമായുണ്ടായിരുന്നു. വിലകൂടിയ മേക്കപ് സാധനങ്ങൾ സെല്ലിൽ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരുവട്ടം സെൽ റെയ്ഡ് ചെയ്തപ്പോൾ 10,000 രൂപയോളം വിലവരുന്ന മേക്കപ് സാധനങ്ങൾ ലഭിച്ചു. ഷെറിനു മാത്രം സെല്ലിൽ കിടക്ക, തലയിണ, കിടക്കവിരികൾ എന്നിവ സ്വന്തമായുണ്ടായിരുന്നു. ജയിൽ ഓഫിസിൽ നിന്നു സെല്ലിലേക്കു നടക്കുമ്പോൾ വെയിൽ കൊള്ളാതിരിക്കാൻ കുട പോലും അനുവദിച്ചു. ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നൽകിയതിനു തനിക്കെതിരെ ഭീഷണി ഉയർന്നിരുന്നതായും സുനിത പറഞ്ഞു.
