ബാലരാമപുരം രണ്ടരവയസുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തിൽ പ്രതി ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ. ഹരികുമാറിന് മനോരോഗമില്ലെന്ന് മാനസിക രോഗ വിദഗ്ധർ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതോടെ ഹരികുമാറിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.
നേരത്തെ ഹരികുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം നടത്തിയെങ്കിലും പ്രതിക്ക് വേണ്ടി ഹാജരായ ജില്ലാ ലീഗൽ അതോറിറ്റിയുടെ അഡ്വ സ്വാജിന എസ് മുഹമ്മദ് പ്രതിക്ക് അതിനുള്ള മാനസിക ആരോഗ്യം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് കോടതിയിൽ വാദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി പ്രതിയെ മാനസിക പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചത്.
നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിൽ ആയ കുഞ്ഞിൻറെ അമ്മ ശ്രീതുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നാളെ ശ്രീതുവിൻ്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെ ഇന്ന് ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കുഞ്ഞിൻറെ കൊലപാതകത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവിൽ പൊലീസ് അന്വേഷിക്കുന്നത്.
