പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാനായ കുഞ്ഞുമോനെ കുത്തിക്കൊന്നത്. കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണത്തിനായി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞു മടങ്ങുന്നതിനിടയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കുത്തേറ്റ കുഞ്ഞുമോനെ കുന്നംകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകുന്നവഴി മരണം സംഭവിച്ചു. കൂറ്റനാട് നേർച്ചയിലെ വട്ടപ്പറമ്പൻസ് എന്ന ടീമിൻറെ ആനയാണ് ഇടഞ്ഞ വള്ളംകുളം നാരായണൻ കുട്ടി . ആനയെ തളച്ചശേഷം ഇവിടെ നിന്നും കൊണ്ടുപോയി. പത്തുവര്‍ഷത്തിലധികമായി ഈ ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല.
