കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. അപ്പീലിൽ വാദം കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിഷയത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്നും സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ്ഐടിയിലെ ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തിൽ പിഴവുകളില്ലല്ലോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. സിബിഐ ഉൾപ്പടെയുള്ള എല്ലാ അന്വേഷണ ഏജൻസികളും സർക്കാരുകളുടെ കീഴിലാണ്. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷവും സിബിഐ അന്വേഷണം ആകാമെന്നും ഹൈക്കോടതി പറഞ്ഞു.
സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിയോഗിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി. വിധിയിൽ പിഴവുകളുണ്ട്. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നുമാണ് കുടുംബത്തിന്റെ വാദം.ഭരണകക്ഷി നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. അപൂർവ്വ സാഹചര്യമാണ് കേസിലുള്ളത്. നവീൻ ബാബുവിന്റെ മരണത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴി ഉത്തരം ലഭിക്കാത്തത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്മേൽ സംശയമുയർത്തുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കിൽ ഉമിനീര് പുറത്തുവരുമായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് ഇക്കാര്യത്തിലും നിശബ്ദത പാലിക്കുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം. കേസ് ഡയറിയും ഇൻക്വസ്റ്റ് റിപ്പോർട്ടും സിംഗിൾ ബെഞ്ച് ശരിയായി പരിശോധിച്ചില്ല. കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നും ആവശ്യപ്പെട്ടാണ് മഞ്ജുഷയുടെ അപ്പീൽ സമർപ്പിച്ചത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്ഐടിയെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
