ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കേസിലെ വിചാരണയ്ക്ക് ശേഷം പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. എതിർ കക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. എതിർ കക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജനുവരി 20നാണ് ഷാരോൺ വധക്കേസിൽ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടർന്ന് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത് കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ്. യാതൊരു പ്രകോപനവും കൊലപാതകത്തിന് പിറകിൽ ഉണ്ടായിരുന്നില്ല. അതിസമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണ്. ഷാരോൺ മരണക്കിടക്കയിലും ഗ്രീഷമയെ വിശ്വസിച്ചു. എന്നാൽ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. സ്നേഹം പൊതിഞ്ഞ വാക്കുകളിൽ വിഷം ഒളിപ്പിച്ച് വെച്ചാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും കൊലപ്പെടുത്തിയതെന്നും കോടതി ഉത്തരവിൽ പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകിയും പലതും മറച്ചുവെച്ചും ഗ്രീഷ്മ അന്വേഷണത്തെ വഴിതെറ്റിച്ചു. ആത്മഹത്യ ശ്രമം പോലും ഇതിൻറെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വാട്സ് ആപ് ചാറ്റുകൾ അടക്കം 48 സാഹചര്യ തെളിവുകൾ കേസിലുണ്ടായെന്ന് കോടതി വ്യക്തമാക്കി.ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിക്ക് മുന്നിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് വിചാരണ കോടതി ഗ്രീഷ്മയ്ക്ക് തൂക്ക് കയർ വിധിച്ചത്. അതേസമയം, രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതിൽ അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.
