അമേരിക്കയിൽ നിന്ന് ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയച്ചത് കൈയിൽ വിലങ്ങുകളും കാലിൽ ചങ്ങലയുമായി. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടാണ് തങ്ങളെ അമേരിക്ക നാടുകടത്തിയതെന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36കാരനായ ജസ്പാൽ സിങ് വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി. തിരിച്ചയവരിൽ ചിലർ അമൃത്സർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഇത് അഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്കാണ് തങ്ങളെ കൊണ്ടുവരുന്നതെന്ന കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയായിരിക്കും എന്നാണ് ചിന്തിച്ചതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞത്. ഞങ്ങളുടെ കൈയിൽ വിലങ്ങുകളും കാലിൽ ചങ്ങലയും ഉണ്ടായിരുന്നു. അമൃത്സർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇത് മാറ്റിയത്. അമേരിക്കയിലേക്ക് നിയമപരമായി കടക്കാനാണ് താൻ ശ്രമിച്ചിരുന്നതെന്നും ട്രാവൽ ഏജന്റ് ചതിക്കുകയായിരുന്നുവെന്നും ശരിയായ യുഎസ് വിസ ലഭിച്ചതിന് ശേഷം തനിക്ക് അയയ്ക്കാൻ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അയാൾ ചതിക്കുകയായിരുന്നുവെന്നും വാർത്ത ഏജൻസിയോട് പറഞ്ഞു.
ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നികരാഗ്വാ, മെക്സിക്കോ എന്നിവിടങ്ങളിലൂടെയെല്ലാം സഞ്ചരിച്ചാണ് അമേരിക്കയിൽ എത്തിയതെന്ന് അമേരിക്ക തിരിച്ചയച്ച മറ്റൊരു വ്യക്തിയായ ഹർവിന്ദർ സിങ് പറഞ്ഞു. 40 മണിക്കൂർ ശരിയായി ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. കൈവിലങ്ങോടെ ഭക്ഷണം കഴിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി. ശാരീരികമായി മാത്രമല്ല, മാനസികമായും തളർത്തുന്ന യാത്രയായിരുന്നുവെന്നും ഹർവിന്ദർ സിങ് വ്യക്തമാക്കി.
അമേരിക്കയിൽ എത്താൻ പലരും വായ്പയെടുത്തും ഭൂമി വിറ്റുമൊക്കെയാണ് പണം കണ്ടെത്തിയതെന്നും തിരിച്ചെത്തിയതോടെ പലരും സാമ്പത്തിക പ്രതിസന്ധിയി. ബ്രസീലും മെക്സിക്കോയുമൊക്കെ കടന്നുപോകുന്ന ‘ഡോങ്കി റൂട്ട്’ വഴിയാണ് പലരും യുഎസിലെത്തിയത്. ഏജന്റുമാർക്ക് നൽകുന്നതിനായി മാത്രം 40-60 ലക്ഷം രൂപ വരെ ഉണ്ടാക്കി. ഇപ്പോൾ പെരുവഴിയിലായ അവസ്ഥയിലാണ് പലരും. സർക്കാർ സഹായിച്ചാൽ മാത്രമേ പലർക്കും അതിജീവിക്കാനാകൂ. യുഎസിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നതിൽ പ്രധാനമന്ത്രി മോദി ഇടപെടണമെന്ന് പഞ്ചാബ് മന്ത്രി ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള ട്രാവൽ ഏജന്റുമാരാണ് തങ്ങളെ യുഎസിലേക്ക് അയച്ചതെന്നും ഫോണിലൂടെയാണ് കരാറുകൾ ഉണ്ടാക്കിയതെന്നും ചിലർ പറഞ്ഞതായി പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധാലിവാൾ പറഞ്ഞു.
അതേസമയം, പ്രതിപക്ഷം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയച്ച അമേരിക്കൻ നടപടി പാർലമെന്റിൽ ചർച്ചയാക്കാൻ നീക്കം നടത്തുന്നുണ്ട്. കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര ഇന്ത്യൻ കുടിയേറ്റക്കാരുടെ കൈവിലങ്ങിട്ട രീതിയിലുള്ള ചിത്രം ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. അപമാനകരമായ നടപടിയെന്ന് എംപിമാരായ മാണിക്കം ടാഗോറും ഗൗരവ് ഗോഗോയും വ്യക്തമാക്കി. എന്നാൽ, ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു
ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സി – 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനം അമൃത്സറിൽ ഇറങ്ങിയത്. അമേരിക്ക – മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു. സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ 40 മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് ഇവർ അമൃത്സറിൽ ഇറങ്ങിയത്. ഇവരിൽ 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും 30 പേർ പഞ്ചാബിൽ നിന്നുള്ളവരും മൂന്ന് പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുള്ളവരുമാണെന്ന് അധികൃതർ അറിയിച്ചു. നാടുകടത്തപ്പെട്ടവരിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടിയും അഞ്ച്, ഏഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടെ പത്തൊൻപത് സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.
