പത്തനംതിട്ട അബാൻ ജംഗ്ഷനിൽ വിവാഹത്തിനോടനുബന്ധിച്ച ചടങ്ങ് കഴിഞ്ഞു വരവേ വാഹനം വഴിയരികിൽ നിർത്തി വിശ്രമിച്ച കോട്ടയം സ്വദേശികളെ അതിക്രമിച്ച പൊലീസുകാർക്കെതിരെയുള്ള നടപടി തൃപ്തികരമല്ലെന്ന് മർദനമേറ്റ സിത്താര. കേവലം സ്ഥലംമാറ്റമല്ല വേണ്ടത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. നിലവിലെ എഫ്ഐആർ തൃപ്തികരമല്ല. എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കണമെന്നും മർദനത്തിൽ പരിക്കേറ്റ സിത്താര ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മർദ്ദനമേറ്റ സിത്താരയും കുടുംബവും അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. 20 അംഗ സംഘ വാഹനത്തിൽ നിന്ന് ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ് ഐ ജിനുവും സംഘവും സ്ഥലത്ത് എത്തി റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമത്തിന് ശേഷം പൊലീസ് സംഘംപോയപ്പോൾ പരിക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ചതെന്നും എന്താണ് കാരണമെന്ന് ചോദിച്ചിട്ട് മറുപടി പോലും തരാതെ പൊലീസ് മർദിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ പറയുന്നു.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റി. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി.
