കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തിൽ പച്ചക്കൊടിയുമായി ഇടതുമുന്നണി. കിഫ്ബി വഴി നിർമിച്ച റോഡുകളിലും പാലങ്ങളിലും ടോൾ പിരിവ് നടത്താനുള്ള നീക്കത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ല. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാം. വികസനം നടത്തണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ. ടോള്‍ പിരിവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചെന്നും പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും ടി പി രാമകൃഷ്ണ് പറഞ്ഞു.
കിഫ്ബി വഴി പൂർത്തിയാക്കുന്ന പദ്ധതികളിൽ നിന്ന് വരുമാനമില്ലാത്തതിനാൽ കേന്ദ്രസർക്കാർ വായ്പ നിഷേധിക്കുകയാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിലാണ് ഈ തുക ഉൾപ്പെടുത്തുന്നത്. ഇത് മറികടക്കാനാണ് ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ ധനമന്ത്രിമാരുടെ യോഗം ഇത് അംഗീകരിച്ചെങ്കിലും തീരുമാനം മന്ത്രിസഭയുടെ പരിഗണനക്ക് വന്നിട്ടില്ല. വിഷയം എൽഡിഎഫിൽ ചർച്ചയായെന്ന് എൽഡിഎഫ് കൺവീനർ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. കിഫ്ബി നിര്‍മ്മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ഫീസ് ഈടാക്കുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റുള്ള റോഡുകള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.
വിഷയം ചർച്ചയായതോടെ സർക്കാരിനെതിരെ സമരത്തിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷം. കിഫ്ബി വെള്ളാനയെന്ന് നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തലയും ടോൾ പിരിച്ചാൽ തടയുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതികരിച്ചു. ടോൾ പിരിവ് അഴിമതിക്കാണെന്ന് മുൻ എംഎൽഎ പിവി അൻവറും ആരോപിച്ചു. അതേസമയം കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
