ശക്തമായ പ്രചാരണത്തിനും രാഷ്ട്രീയ വാക്പോരുകൾക്കും ശേഷം ഡൽഹി വിധിയെഴുന്നു. ബിജെപിയും എഎപിയും കോൺഗ്രസും ശക്തമായി മത്സര രംഗത്തുള്ള ജനവിധി മത്സരത്തിൽ രാവിലെ 11 മണി വരെ 19.95 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ കൃത്യം ഏഴ് മണിക്ക് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.13,766 പോളിങ്ബൂത്തുകളിലാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 220 അർധ സൈനിക യൂണിറ്റുകൾ രാജ്യതലസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 30,000 പൊലീസ് ഉദ്യാഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.
ഇത്തവണയും ന്യൂഡല്‍ഹിയിലെ സീറ്റില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള് മത്സരിക്കുന്നത്. ബിജെപിയുടെ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് എതിരാളികള്‍. കല്‍കാജി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന അതിഷിയുടെ എതിര് സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയും ബിജെപിയുടെ രമേഷ് ബിന്ധൂരിയുമാണ്. പ്രചാരണത്തിൽ ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോൺഗ്രസിനായി രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എഎപിയ്ക്കായി അരവിന്ദ് കെജ്രിവാൾ, അതിഷി എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി.
രാഷ്ട്രപതി ദ്രൗപതി മുർമുവും ഡൽഹി മുഖ്യമന്ത്രി അതിഷിയും ഉൾപ്പെടെ നിരവധി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ ഡൽഹിയിലെ മുഴുവൻ വോട്ടർമാരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ഡൽഹിയിൽ നടക്കുന്നത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്ന് മുഖ്യമന്ത്രി അതിഷിയും വികസനത്തിൻ്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കാൻ വോട്ടർമാരോട് അഭ്യർഥിച്ച് സമൂഹ മാധ്യമങ്ങളിലൂടെ എഎപി നേതാവ് അരവിന്ദ് കെജ്രിവാളും അഭിപ്രായപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഓഖ്ല സ്ഥാനാർത്ഥി അമാനത്തുള്ള ഖാനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ മുഖ്യമന്ത്രി അതിഷിക്കെതിരെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തിരുന്നു.
