സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ സംസ്ഥാനത്താകെ 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. സ്ത്രീകളും കര്‍ഷകരും സാധാരണക്കാരുമാണ് തട്ടിപ്പിന് ഇരയായവർ ഏറെയും. നാഷണല്‍ എന്‍ജിഒ ഫെഡറേഷന് എന്ന സംഘടനയുടെ നാഷണല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. 14 ജില്ലകളിലുമായി ആയിരക്കണക്കിന് പേർ തട്ടിപ്പിനിരയായ കേസായതിനാൽ ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറിയേക്കും.
വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് അനന്തു കൃഷ്ണൻ ഇടപാടുകള്‍ നടത്തിയത്. വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുകയും വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സ്ത്രീകൾ പണം അയച്ചു നല്‍കിയത്.
പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പദ്ധതികളുടെ വിതരണോദ്ഘാടനത്തിന് പങ്കെടുപ്പിച്ച് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്. പണം നല്കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളോട് നേരിട്ട് തിരക്കുകയും ദിവസങ്ങൾക്കുള്ളിൽ വാഹനം ലഭ്യമാക്കുമെന്ന് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെയാണ് ആളുകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് സമ്മതിച്ചിരുന്നു.
