രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പുതുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക് ഇൻ ഇന്ത്യ’ പദ്ധതി നല്ല ആശയമാണെങ്കിലും അത് പരാജയപ്പെട്ടെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോകസഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദന രംഗത്തായിരുന്നു ഇന്ത്യ ശ്രദ്ധിക്കേണ്ടതെന്നും എന്നാൽ ഇന്ന് ഇന്ത്യ ഉത്പാദന രംഗം പൂർണമായി ചൈനക്ക് നൽകുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഉത്പാദന രംഗത്ത് ഇന്ത്യ പരാജയപ്പെടുകയാണ്. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയെക്കാൾ ഉല്പാദന രംഗത്ത് ചൈന പത്ത് വർഷം മുന്നിലാണ്. അന്താരാഷ്ട്ര കൂട്ടായ്മകൾക്ക് ഞങ്ങളെയും വിളിക്കൂ എന്ന് ഇപ്പോൾ പ്രധാനമന്ത്രി ആവശ്യപ്പെടുകയാണ്. ഉല്പാദന രംഗത്ത് ഇന്ത്യ മുന്നിലെങ്കിൽ രാഷ്ട്രതലവന്മാർ ഇവിടെ വന്ന് ക്ഷണിക്കുമായിരുന്നു. കേന്ദ്ര ബജറ്റില്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്കുന്ന ഒന്നുമില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കാര്യങ്ങളും മുൻപ് പറഞ്ഞവയാണ്. സാങ്കേതികരംഗത്ത് വിപ്ലവമെന്നത് അവകാശവാദം മാത്രമാണെന്നും മേക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചശേഷം ഉത്പാദനം കുറഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ കടന്നുകയറാന്‍ ചൈനയ്ക്ക് ധൈര്യം നല്‍കുന്നത് അവരുടെ വ്യാവസായിക വളര്‍ച്ചയാണ്. കമ്പ്യൂട്ടര്‍ വിപ്ലവം വന്നപ്പോള്‍ സോഫ്റ്റ്വെയര് ഡവലപ്മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിച്ചു തുടങ്ങുകയാണ് വേണ്ടത്. നമ്മൾ ഒരു നിർമ്മാണ ശൃംഖലക്ക് തുടക്കം കുറിക്കണം. ചൈന ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് മുന്നിലാണെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.
ചൈനീസ് കടന്നു കയറ്റത്തിന് കാരണം മേക് ഇൻ ഇന്ത്യയുടെ പരാജയമാണ്. ചൈന ഇന്ത്യയുടെ 4000 കിലോമീറ്റർ ഭൂമി കടന്നു കയറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച പ്രധാനമന്ത്രിയെ സേന തള്ളി എന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ഇതിനിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജു ഇടപെട്ടത് കുറച്ച് നേരം സഭയിൽ ഭരണപക്ഷ ബഹളത്തിന് കാരണമായി. വിദേശ നയത്തിൽ രാഹുൽ കള്ളം പറയുന്നു എന്നായിരുന്നു കിരൺ റിജ്ജുവിൻ്റെ പ്രതികരണം.
രാഹുൽ ഗാന്ധി ജാതി സെൻസസ് വേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. തെലങ്കാനയിൽ ജാതി സെൻസസ് നടത്തിയതും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമനത്തെയുംതിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് നടന്നെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
